12:51am 15 June 2026
NEWS
പാരിയത്തുകാവ് ഭൂതർക്കത്തിന് ഒടുവിൽ പരിഹാരമായി
14/06/2026  06:48 AM IST
nila
പാരിയത്തുകാവ് ഭൂതർക്കത്തിന് ഒടുവിൽ പരിഹാരമായി

കൊച്ചി: ആഴ്ചകളായി നീണ്ടുനിന്ന പാരിയത്തുകാവ് ഭൂതർക്കത്തിന് ഒടുവിൽ പരിഹാരമായി. സർക്കാർ മുന്നോട്ടുവെച്ച ഒത്തുതീർപ്പ് നിർദേശം സമരസമിതിയും ഭൂവുടമ പക്ഷവും അംഗീകരിച്ചതോടെ സമരം അവസാനിപ്പിച്ചതായി സമരസമിതി അറിയിച്ചു. കരാർ പ്രകാരം പാരിയത്തുകാവിലെ ദളിത് കുടുംബങ്ങളെ നിലവിലെ പ്രദേശത്തുനിന്ന് കുടിയിറക്കില്ല. മലയിടംതുരുത്തിലെ തർക്കഭൂമിക്ക് സമീപം തന്നെ, ശങ്കരൻ നായരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഓരോ കുടുംബത്തിനും അഞ്ച് സെന്റ് വീതം ഭൂമി നൽകും. ഈ സ്ഥലത്ത് സർക്കാർ പുതിയ വീടുകൾ നിർമിച്ചു നൽകും. പുതിയ വീടുകളുടെ നിർമാണം പൂർത്തിയാകുന്നതുവരെ കുടുംബങ്ങൾക്ക് നിലവിലെ വീടുകളിൽ തന്നെ താമസിക്കാനും അനുമതിയുണ്ട്. സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാനും ധാരണയായി.

തീരുമാനം ഹൈക്കോടതിയെ അറിയിക്കുമെന്നും ഒരു വർഷത്തിനകം വീടുകളുടെ നിർമാണം പൂർത്തിയാക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഭൂമി വിട്ടുനൽകാതെ അതേ പ്രദേശത്ത് തന്നെ താമസസൗകര്യം ഉറപ്പാക്കണമെന്ന ആവശ്യമാണ് സമരസമിതി പ്രധാനമായും ഉന്നയിച്ചതെന്നും അതാണ് പരിഹാരത്തിലൂടെ സാധ്യമായതെന്നും സമരനേതാക്കൾ പറഞ്ഞു.

ഒത്തുതീർപ്പിനെക്കുറിച്ച് പ്രതികരിച്ച മന്ത്രി റോജി എം ജോൺ, വർഷങ്ങളായി താമസിച്ചുവരുന്ന വീടുകളിൽ നിന്ന് മാറേണ്ടിവരുന്നത് കുടുംബങ്ങൾക്ക് മാനസിക ബുദ്ധിമുട്ടും ഭാവിയെക്കുറിച്ചുള്ള ആശങ്കയും സൃഷ്ടിക്കുന്ന സാഹചര്യമാണെന്ന് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ എല്ലാവർക്കും അംഗീകരിക്കാവുന്ന പരിഹാരമാണ് കണ്ടെത്തിയതെന്നും, വ്യവസ്ഥകൾ ഉൾപ്പെടുത്തി ഔദ്യോഗിക കരാർ തയ്യാറാക്കി എല്ലാ കക്ഷികളും ഒപ്പുവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കരാർ നടപ്പാക്കൽ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് മൂവാറ്റുപുഴ ആർഡിഒയെയും പൊലീസിന്റെ ഭാഗത്ത് നിന്ന് ഒരു ഡിവൈഎസ്പിയെയും ചുമതലപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മെയ് 20-ന് സുപ്രീംകോടതി നിർദേശത്തെ തുടർന്ന് കുടിയൊഴിപ്പിക്കൽ നടപടിക്കായി പൊലീസ് സംഘവും ഉദ്യോഗസ്ഥരും പാരിയത്തുകാവിലെത്തിയതോടെയാണ് പ്രതിഷേധം ശക്തമായത്. അഡ്വക്കേറ്റ് കമ്മീഷണർ ജയപാലിന്റെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചെങ്കിലും നാട്ടുകാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് സംഘർഷാവസ്ഥ രൂപപ്പെട്ടു. പ്രതിഷേധത്തിനിടെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതായി സമരക്കാർ ആരോപിച്ചിരുന്നു. നിരവധി പേർക്ക് പരിക്കേറ്റ സംഭവവും വിവാദമായിരുന്നു. മുൻപും പലതവണ കുടിയൊഴിപ്പിക്കൽ ശ്രമങ്ങൾ നടന്നെങ്കിലും ശക്തമായ ജനപ്രക്ഷോഭത്തെ തുടർന്ന് നടപടികൾ പിൻവലിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഉണ്ടായ ധാരണയോടെ വർഷങ്ങളായി നീണ്ടുനിന്ന തർക്കത്തിന് പരിഹാരമായിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img